Loading...
Cinema Entertainment

രാഷ്ട്രീയത്തിന്റെ വേറിട്ട മുഖം കാണിച്ച മോഹൻലാലിന്റെ വിസ്മയ പ്രകടന ചിത്രം അദ്വൈതം..!!

Written by Online Desk
  1. അദ്വൈതം പ്രിയദർശന്റെ ക്രാഫ്റ്റ് കൊണ്ടും രാഷ്ട്രീയം കൊണ്ടും അറ്റെൻഷൻ വേണ്ടുന്ന സിനിമയാണ്. അദ്വൈതമെന്നാൽ രണ്ടില്ല എന്നാണ് അർത്ഥം, എന്നാൽപ്പിന്നെ ഒന്ന് എന്ന് പറഞ്ഞുകൂടേ എന്ന് ചോദിക്കാം പക്ഷെ അങ്ങനെ ഒന്നല്ല താനും കാരണം അങ്ങനെയൊരു ഏക രൂപത്തിലല്ല അതിന്റെ നിലനിൽപ്. തോർത്തായും തുണിയായും തൂവാലയായും രൂപഭാവങ്ങളുള്ള പരുത്തി പോലെ. ഇതേ അവസ്ഥാന്തരങ്ങളില്‍ കൂടിയാണ് അദ്വൈതത്തിലെ ശിവനും കടന്നു പോകുന്നത്. തന്തയില്ലാത്തവനായി, തെമ്മാടിയായി, ക്രിമിനലായി, കാമുകനായി, നേതാവായി, ദേവസ്വം സെക്രട്ടറിയായി, ആത്മീയവാദിയായി, ഒടുവിൽ വീണ്ടും ആ പഴയ ശിവനായി. വേഷങ്ങള്‍ മാത്രം മാറുന്നു, ശിവന്റെ ക്യാരക്റ്റർ ആർക് വരച്ചു വരുമ്പോൾ ഒരു പൂർണ്ണ വൃത്തമാകുന്നത് കാണാം. ശിവൻ എവിടെ തുടങ്ങിയോ അവിടെ തന്നെ വീണ്ടും എത്തുന്നു, രണ്ടില്ല എന്നാൽ ഒന്നുമല്ല.

മോഹൻലാലിൻറെ എണ്ണം പറഞ്ഞ പ്രകടനമാണ് അദ്വൈതത്തിലേത്. ഇത്രയും ഡെവിളിഷ് ആയി മോഹൻലാൽ സ്‌ക്രീനിൽ വന്നിട്ടില്ല എന്ന് തന്നെ പറയണം. ഉള്ളിലെ പകയുടെ തീ ശിവന്റെ ഓരോ നോട്ടത്തിലുമുണ്ട്. ശിവൻ അച്ഛനോട് പറയുന്നൊരു ഡയലോഗില്‍ ആ കഥാപാത്രത്തിന്റെ ഉള്ളിലേക്ക് കടക്കാനുള്ള താക്കോലുണ്ട്.

“എല്ലാവരോടും ക്രൂരമായി പെരുമാറാൻ എനിക്കിഷ്ടമാണ്..രസമാണ്..!! നോവിക്കാൻ വേണ്ടി ഞാൻ പലതും പറയും. നൊന്തു എന്നറിഞ്ഞാൽ എനിക്ക് സന്തോഷമാണ്. അങ്ങനത്തൊരു ദുഷ്ടനാണ് ഞാൻ. എന്റെയീ വളർച്ചയ്ക്ക് തറക്കല്ലിട്ട എന്റെ അച്ഛന് നന്ദി… ”

ഇതാണ് ശിവൻ. ഇങ്ങനെ ജനിപ്പിച്ച സ്വന്തം അച്ഛനോട് പറയാൻ ശിവന് കഴിയും. ഈ രംഗത്തിൽ മോഹൻലാലിൽ ഇതുവരെ കാണാത്തൊരു മൃഗത്തെ കാണാം, തനി ബീസ്റ്റ്. വോയിസ് മോഡുലേഷനിൽപ്പോലും അപാരമായ കൺട്രോൾ. ഒരുപക്ഷെ മോഹൻ ലാലിലെ ഏറ്റവും കുറവ് ഉപയോഗിച്ചിട്ടുള്ള ഭാവവും ഈ മൃഗീയതയാണ്. താരമായിക്കഴിഞ്ഞാൽ പിന്നെ ദൈവമാണല്ലോ. ദൈവത്തിനു സൽഗുണങ്ങളല്ലേ പാടുള്ളൂ. നടനെന്ന രീതിയിൽ പരിഗണിക്കുമ്പോള്‍ പ്രേക്ഷകരായ നമുക്കെന്തൊരു നഷ്ടമാണ് !! പുള്ളി തന്നെ എത്രയെങ്കിലും ചെയ്തിട്ടുള്ള ഹീറോയിക് നെഗറ്റിവിറ്റിയുടെ കൂട്ടത്തിൽ ശിവനെ പെടുത്താൻ സാധിക്കില്ല. ശിവൻ നാശമാണ്. ഹീറോയിസം ചേർക്കാൻ ശ്രമിച്ചിട്ടുണ്ടെങ്കിലും ശിവൻ പേര് പോലെ തന്നെ നാശത്തിന്റെ ദൂതനാണ്.

സിനിമയുടെ രാഷ്ട്രീയത്തിനെക്കുറിച്ചു കൂടി പറയണമെന്നു തോന്നുന്നു. കേരളത്തിന്റെ ദുരവസ്ഥയെ, കമ്മ്യൂണൽ പൊളിറ്റിക്സ്ന്റെ ആവിർഭാവത്തിന്റെയൊക്കെ കുറ്റം മുഴുവൻ കമ്യൂണിസ്റ്റുകാരുടെ തലയിലാണ് ഇവിടെ കെട്ടി വെയ്ക്കുന്നത്. മതേതരത്വം എന്നൊക്കെയാണ് എപിലോഗിലെ മോഹൻലാൽ കഥാപാത്രത്തിന്റെ പ്രസംഗത്തിൽ വരുന്നതെങ്കിലും കമ്യൂണിസ്റ്റ്കാരല്ലാതെ ഒരു കുറ്റക്കാരെയും സിനിമ എടുത്തു പറയുന്നില്ല. സിനിമയുടെയും പ്രിയദർശന്റെയും ടി ദാമോദരൻ മാഷിന്റെയും ഏറ്റവും വലിയ ഹിപ്പോക്രസിയും അവിടെയാണ്. പ്രത്യേകിച്ച് ബാബരി മസ്ജിദ് വിഷയം കത്തി നിൽക്കുന്ന സമയത്താണ് സിനിമ ഇറങ്ങുന്നത് എന്നുകൂടി ഓർക്കണം. സിനിമ ഇറങ്ങി മാസങ്ങൾക്കകം RSS പള്ളി പൊളിക്കുകയും ചെയ്തു. അങ്ങനെയൊരു സാഹചര്യത്തിൽ കുറ്റം മുഴുവൻ മറ്റാർക്കും കൊടുക്കാതെ കമ്മ്യൂണിസ്റ്റ്കാരുടെ തലയിൽ വെയ്ക്കുന്ന ഏർപ്പാട് എന്തിനായിരുന്നു എന്ന് ഇന്നിപ്പോൾ ഇരുപത്തഞ്ചു വർഷം കഴിഞ്ഞു പ്രിയദർശൻ ആരുടെ വക്താവായാണ് പ്രവർത്തിക്കുന്നത് എന്ന് കാണുമ്പോൾ കൂടുതൽ വ്യകതമാവുന്നു.

ഭൂപരിഷ്കരണം കാരണം ദാരിദ്ര്യം അനുഭവിക്കുന്ന നമ്പൂതിരിമാർ /സവർണർ, കമ്മ്യൂണിസ്റ്റ് സര്‍ക്കാര അധികാരത്തിൽ വന്നതിനു ശേഷം അധഃകൃതരും അവിശ്വാസികളും അമ്പലഭരണം കയ്യേറി സവര്‍ണ്ണരെ ചൂഷണം ചെയ്യുന്നു എന്നൊക്കെയുള്ള ആശയങ്ങളും സിനിമ കാടടച്ചു പ്രചരിപ്പിക്കുന്നുണ്ട്. മോഹൻലാലിൻറെ അഭിനയത്തിനും, സിനിമയുടെ റിഗ്രസീവ് രാഷ്ട്രീയം ഒഴികെയുള്ള പ്രിയദർശന്റെ ക്രാഫ്റ്റ്മാൻഷിപ്പിനും വേണ്ടി അദ്വൈതം വീണ്ടും കാണാന്‍ തോന്നാറുണ്ട്.

Credit : RJ Salim | MOVIE STREET

About the author

Online Desk